ചരിത്രം

ചരിത്രം
സംസ്ഥാന രൂപീകരണത്തിന്റെ ഭാഗമായി തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച കാലഘട്ടത്തില്‍ കൊച്ചി സംസ്ഥാനത്ത്‌ പ്രത്യേകമായി മൃഗചികിത്സാ വകുപ്പ്‌ നിലനിന്നിരുന്നു. എന്നാല്‍ തിരുവിതാംകൂറിലെ മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ കൃഷി വകുപ്പിന്‌ കീഴിലാണ്‌ നടന്നിരുന്നത്‌. സംസ്ഥാന രൂപീകരണത്തിന്‌ മുമ്പ്‌ തിരുവിതാംകൂര്‍ പ്രദേശത്ത്‌ 22 മൃഗാശുപത്രികളും 10 മൃഗചികിത്സാ കേന്ദ്രങ്ങളും നിലവിലുണ്ടായിരുന്നു. കൊച്ചി പ്രദേശത്തായി 12 മൃഗാശുപത്രികളും 12 മൃഗചികിത്സാ കേന്ദ്രങ്ങളും 12 കന്നുകാലി സംരക്ഷണ കേന്ദ്രങ്ങളും ഉണ്ടായിരുന്നു. 13 മൃഗരോഗ സര്‍ജന്മാരും കുറച്ച്‌ മൃഗചികിത്സകരുമാണ്‌ ഈ സ്ഥാപനങ്ങള്‍ നിയന്ത്രിച്ചിരുന്നത്‌.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട പ്രധാന കേന്ദ്രങ്ങള്‍ വഴി കൃത്രിമ ബീജസങ്കലനത്തിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സങ്കരഇനമായ സിന്ധി ഇനത്തില്‍പ്പെട്ട കന്നുകാലി ബീജമാണ്‌ ഇതിനായി ഉപയോഗിച്ചിരുന്നത്‌. നാടന്‍ പശുക്കളില്‍ സിന്ധി ഇനത്തില്‍പ്പെട്ട കാളകളുമായി ബീജസങ്കലനം നടത്തുന്ന കീഴ്‌വഴക്കമാണ്‌ അക്കാലത്ത്‌ അനുവര്‍ത്തിച്ചിരുന്നത്‌.
സംസ്ഥാന രൂപീകരണ സമയത്ത്‌ മൃഗസംരക്ഷണ മേഖലയില്‍ നിന്നിരുന്ന സ്ഥാപനങ്ങള്‍
മൃഗചികിത്സാ ആശുപത്രികള്‍-39
മൃഗചികിത്സാ കേന്ദ്രങ്ങളും
മൃഗരോഗ സര്‍ജന്മാര്‍ കൈകാര്യം ചെയ്‌തിരുന്ന മൃഗചികിത്സാ കേന്ദ്രങ്ങളും - 12
സഞ്ചരിക്കുന്ന മൃഗചികിത്സാ കേന്ദ്രങ്ങള്‍ - 2
സംരക്ഷകരാല്‍ നിയന്ത്രിക്കപ്പെട്ടിരുന്ന മൃഗചികിത്സാ കേന്ദ്രങ്ങളും കന്നുകാലി സംരക്ഷണ കേന്ദ്രങ്ങളും -43
സംസ്ഥാനത്തെ വളര്‍ത്തു മൃഗങ്ങളില്‍ ഭൂരിഭാഗവും വില്ലേജുകളിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. കര്‍ഷകരും കര്‍ഷകതൊഴിലാളികളുമാണ്‌ കന്നുകാലി കൃഷിയിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നത്‌. അതുകൊണ്ടുതന്നെ മൃഗസംരക്ഷണമേഖലയിലെ വികസനങ്ങളിലെല്ലാം തന്നെ ഗ്രാമീണ സാമ്പത്തികമേഖലയ്‌ക്ക്‌ ശക്തി പകരും. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ പത്ത്‌ ശതമാനം ഈ മേഖലയില്‍ നിന്നുമാണ്‌ ലഭ്യമാകുന്നത്‌. പാല്‍, മുട്ട, മാംസം എന്നിവയാണ്‌ മേഖലയില്‍ നിന്നുള്ള പ്രധാന ഉല്‍പ്പന്നങ്ങള്‍. തുകല്‍ മൃഗത്തോല്‍ എന്നിവയുടെ വിതരണം വഴി സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിനാലും മൃഗസംരക്ഷണ വകുപ്പ്‌ പ്രധാന പങ്ക്‌ വഹിക്കുന്നു.
മൃഗചികിത്സാ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, പോളി ക്ലിനിക്കുകള്‍, ജില്ലാ മൃഗചികിത്സാ കേന്ദ്രങ്ങള്‍ കന്നുകാലി വികസന പദ്ധതി, ഐ.സി.ഡി.പി. സബ്‌സെന്റേഴ്‌സ്‌ തുടങ്ങിയവ വഴിയാണ്‌ മൃഗസംരക്ഷണ വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്‌.
1995 ഒക്‌ടോബര്‍ 2-ന്‌ നിലവില്‍ വന്ന പഞ്ചായത്ത്‌ രാജ്‌ നിയമം അനുസരിച്ച്‌ 18.09.1995-ന്‌ പുറത്തിറങ്ങിയ ജി.ഒ.(പി)നമ്പര്‍ 189/95 പ്രകാരം മൃഗസംരക്ഷണവകുപ്പിന്‌ ഭൂരിഭാഗം സ്ഥാപനങ്ങളും ഗ്രാമപഞ്ചായത്ത്‌, ജില്ലാ പഞ്ചായത്ത്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ മുന്‍സിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയ്‌ക്ക്‌ കൈമാറിയിരിക്കുന്നു.
ഇതനുസരിച്ച്‌
* ജില്ലാ മൃഗസംരക്ഷണ വകുപ്പ്‌ ഓഫീസുകള്‍, ജില്ലാ മൃഗചികിത്സാ കേന്ദ്രങ്ങള്‍
* സഞ്ചരിക്കുന്ന കൃഷി സഹായ യൂണിറ്റ്‌ ക്ലിനിക്കല്‍ ലബോറട്ടറീസ്‌, സഞ്ചരിക്കുന്ന മൃഗാശുപത്രികള്‍
* പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍, കുടപ്പനക്കുന്നിലുള്ള ജില്ലാ വളര്‍ത്തുമൃഗ ഫാം ഒഴികെയുള്ള വളര്‍ത്തുമൃഗ ഫാമുകള്‍
* കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്‌ ജില്ലയിലെ പക്ഷി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍
* അട്ടപ്പാടിയിലേയും കൊമേരിയിലെയും ആട്‌ വളര്‍ത്തല്‍ ഫാമുകള്‍ എന്നിവ ജില്ലാ പഞ്ചായത്തുകള്‍ക്ക്‌ കൈമാറിയിരിക്കുന്നു.
കന്നുകാലിത്തീറ്റ സബ്‌സിഡി പദ്ധതി, ഐ.സി.ഡി.പി. ഉപകേന്ദ്രങ്ങള്‍, മൃഗചികിത്സാ കേന്ദ്രങ്ങള്‍, മൃഗാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഗ്രാമപഞ്ചായത്തുകള്‍ക്ക്‌ കൈമാറുകയും ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിച്ചിരുന്ന മൃഗചികിത്സാ പോളിക്‌സിനിക്കുകള്‍ ബ്ലോക്ക്‌ പഞ്ചായത്തിന്‌ കൈമാറുകയും ചെയ്‌തിട്ടുണ്ട്‌. മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ മൃഗരോഗ ചികിത്സാകേന്ദ്രങ്ങളുടെയും അധികാരം അതാത്‌ മുന്‍സിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും കൈമാറ്റം ചെയ്‌തു.
കുടപ്പനക്കുന്നിലെ ജില്ലാ മൃഗവളര്‍ത്തുമൃഗ ഫാം, പാലോട്ടുള്ള ജേഴ്‌സി ഫാം, ജേഴ്‌സി ഫാം വിപുലീകരണ യൂണിറ്റ്‌, കുരിയോട്ടുമല കാള വളര്‍ത്തല്‍ ഫാം എന്നിവയാണ്‌ കന്നുകാലി വളര്‍ത്തല്‍ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനങ്ങള്‍. ഒന്‍പത്‌ പക്ഷി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍, ബ്രോയിലര്‍ ഫാം, താറാവ്‌ വളര്‍ത്തല്‍ ഫാം, പ്രധാന മുട്ടവളര്‍ത്തല്‍ കേന്ദ്രം, പക്ഷി വളര്‍ത്തല്‍ വികസന ബ്ലോക്ക്‌ എന്നിവയ്‌ക്ക്‌ പുറമെ ആട്‌ വളര്‍ത്തല്‍ കേന്ദ്രം, ആറ്‌ പന്നി വളര്‍ത്തല്‍ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളും കാപ്പാട്‌ ഒരു പന്നി വളര്‍ത്തല്‍ ഫാമും സംസ്ഥാനത്ത്‌ പ്രവര്‍ത്തിച്ചു വരുന്നു.
ഡയറക്ടറേറ്റ്‌തല ആസൂത്രണം അഡീഷണല്‍ ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ്‌ ഡയറക്ടര്‍, മറ്റ്‌ സ്റ്റാഫ്‌ അംഗങ്ങള്‍ എന്നിവര്‍ വഴി നിയന്ത്രിക്കപ്പെടുന്നു. പദ്ധതികള്‍ രൂപകല്‌പന ചെയ്യുന്നതിനു പുറമെ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥന്മാര്‍ക്ക്‌ നല്‍കുന്നതിനും പി നടത്തിപ്പിനെ നിരീക്ഷിക്കുന്നതിനും പുനരവലോകനം നടത്തുന്നതിനും പൂര്‍ത്തിയായവയുടെയും നടന്നുകൊണ്ടിരിക്കുന്നവയുടെയും മൂല്യനിര്‍ണ്ണയം നടത്തുന്നിനും ഈ വിഭാഗത്തിന്‌ ചുമതലയുണ്ട്‌. നിലവില്‍ 2638 സ്ഥാപനങ്ങളാണ്‌ മൃഗസംരക്ഷണ വകുപ്പിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്നത്‌.
മൃഗസംരക്ഷണ വകുപ്പിന്റെ ലക്ഷ്യങ്ങള്‍
* മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരമ്പരാഗത കര്‍ഷകരെ നിലനിര്‍ത്തുന്നതിനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുക.
* പുതിയ സാങ്കേതികവിദ്യകളെ പരീക്ഷണശാലകളില്‍ നിന്നും പ്രവര്‍ത്തനമേഖലയിലേയ്‌ക്ക്‌ എത്തിക്കുക.
* മൃഗവളര്‍ത്തല്‍, പക്ഷിവളര്‍ത്തല്‍ മേഖലയിലെ ഉല്‍പ്പാദനസാധ്യതകളെ പൂര്‍ണ്ണമായും വിനിയോഗിക്കുക.
* കന്നുകാലി വളര്‍ത്തല്‍ നയം കാര്യക്ഷമമായി നടപ്പാക്കുക.
* സാങ്കേതിക മേഖലയിലെയും ഭരണനിര്‍വ്വഹണ മേഖലയിലെയും ജീവനക്കാരുടെ കാര്യശേഷി മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടികള്‍ സംഘടിപ്പിക്കുക.
* മെച്ചപ്പെട്ട ഓഫീസ്‌ സംവിധാനത്തിനായി ഐ.ടി. ആപ്ലിക്കേഷനുകള്‍ ഉപയോഗപ്പെടുത്തുക.
* കൃഷിക്കാര്‍, ഉപഭോക്താക്കള്‍, ജനങ്ങള്‍ തുടങ്ങിയവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച്‌ ഗവേഷണവും വികസന പരിപാടികളും ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുക.
* കൃഷിക്കാര്‍ക്ക്‌ ഗുണമേന്മയുള്ള അവശ്യവസ്‌തുക്കള്‍ തുടര്‍ച്ചയായി വിതരണം ചെയ്യുക.
* സംസ്ഥാനത്തെ വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍ എന്നിവയ്‌ക്കിടയിലുള്ള നാടന്‍ ഇനങ്ങളെ സംരക്ഷിക്കുക.
* മലബാര്‍ ആടുകള്‍, കാട, മുയല്‍, എരുമ, പോത്ത്‌ തുടങ്ങിയവയെ വളര്‍ത്തുന്നതിനും കൃഷി ചെയ്യുന്നതിനും നൂതനമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുക.
* ആധുനിക അറവുശാലകള്‍, ശരിയായ മാംസപരിശോധന എന്നിവയിലൂടെ ശുദ്ധിയുള്ള മാംസോല്‍പ്പാദനം നടപ്പിലാക്കുക
* മൃഗപരിശോധന, വാക്‌സിനേഷന്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ബോധവല്‍ക്കരണശ്രമങ്ങള്‍ തുടങ്ങിയവയിലൂടെ മൃഗജന്യരോഗങ്ങളുടെ നിയന്ത്രണം.
വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെയും ചുമതലകളുടെയും പ്രധാന ഘടകങ്ങള്‍
* സംസ്ഥാനത്തെ വളര്‍ത്തുമൃഗങ്ങളുടെ എണ്ണവും ഗുണവും വര്‍ദ്ധിപ്പിക്കുക, ശക്തിപ്പെടുത്തുക
* പാല്‍, മുട്ട, മാംസം എന്നിവയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക
സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്ക്‌ അവരുടെ വരുമാനം ഉയര്‍ത്തുന്നതിനുവേണ്ടിയുള്ള സഹായങ്ങള്‍ ലഭ്യമാക്കുക.
മൃഗരോഗങ്ങള്‍ നിയന്ത്രിക്കുക
മൃഗവളര്‍ത്തലിന്റെ വിവിധ വശങ്ങളെ സംബന്ധിച്ച്‌ ശാസ്‌ത്രീയമായ പഠനങ്ങള്‍ നടത്തുക
സംസ്ഥാനത്തെ മൃഗസംരക്ഷണമേഖലയെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയും അപഗ്രഥനം നടത്തുകയും ചെയ്യുക.
ആധുനിക ശാസ്‌ത്രീയ രീതികള്‍ അവലംബിച്ചുള്ള മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കര്‍ഷകരെ സജ്ജമാക്കുക.
സംസ്ഥാനത്തെ വളര്‍ത്തുമൃഗങ്ങളിലധികവും ഗ്രാമീണ മേഖലകളിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. പ്രധാനമായും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ്‌ മൃഗവളര്‍ത്തലിലും മറ്റ്‌ അനുബന്ധപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നത്‌. അതുകൊണ്ടു തന്നെ മൃഗസംരക്ഷണമേഖലയുടെ വികസനം ഗ്രാമീണ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുകയാണ്‌ ചെയ്യുക. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ പത്ത്‌ ശതമാനം ലഭ്യമാകുന്നത്‌ ഈ മേഖലയില്‍ നിന്നുമാണ്‌. പാല്‍, മുട്ട, മാംസം എന്നിവയാണ്‌ കേരളത്തിലെ മൃഗസംരക്ഷണ വകുപ്പിനു കീഴിലെ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള പ്രധാന ഉല്‍പ്പന്നങ്ങള്‍ വ്യാവസായിക ഉല്‍പ്പാദനങ്ങളായ തുകല്‍, മൃഗത്തോലുകള്‍, സംസ്‌കരിച്ച മാംസം തുടങ്ങിയവ നല്‍കാന്‍ കഴിയുന്നതിലൂടെ സംസ്ഥാനത്തിന്റെ വ്യവസായ മേഖലയുടെ വളര്‍ച്ചയ്‌ക്കും ഈ മേഖല വലിയ പങ്ക്‌ വഹിക്കുന്നു.
മൃഗചികിത്സാ കേന്ദ്രങ്ങള്‍, മൃഗാശുപത്രികള്‍, ജില്ലാ മൃഗചികിത്സാ കേന്ദ്രങ്ങള്‍ വഴിയാണ്‌ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്‌.